കൊച്ചി: ഇന്ത്യന്‍ റെയില്‍വേയുടെ ഭാരത് ഗൗരവ് ട്രെയിനിനു കീഴിലുള്ള സൗത്ത് സ്റ്റാര്‍ റെയിലും ഇന്ത്യയിലെ സ്വകാര്യ മേഖലയിലെ ആദ്യ സേവനദാതാവായ ടൂര്‍ ടൈംസും ചേര്‍ന്ന് ഭൂട്ടാനിലേക്കും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലേക്കും സമ്മര്‍ സ്പെഷല്‍ ടൂര്‍ സംഘടിപ്പിക്കുന്നു.
ഏപ്രില്‍ 25ന് ആരംഭിക്കുന്ന, 14 ദിവസം നീളുന്ന യാത്രയില്‍ സ്പെഷല്‍ ടൂറിസ്റ്റ് ട്രെയിന്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെയും ഭൂട്ടാനിലെയും പ്രമുഖ കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കും. ഇതിനായി മൂന്ന് വ്യത്യസ്ത ടൂര്‍ പാക്കേജുകളാണ് ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിട്ടുള്ളതെന്ന് ടൂര്‍ ടൈംസ് ഡയറക്ടര്‍ വിഘ്നേഷ് അറിയിച്ചു.
ആദ്യത്തെ പാക്കേജില്‍ ഗാങ്ടോക്, ഡാര്‍ജിലിംഗ് തുടങ്ങിയ നഗരങ്ങള്‍ ഉള്‍പ്പെടുമ്പോള്‍ രണ്ടാമത്തെ പാക്കേജിന്റെ ഭാഗമായി ഗുവാഹത്തി, ഷില്ലോംഗ്, ചിറാപുഞ്ചി, മൗലിനോംഗ്, ഡൗകി എന്നിവിടങ്ങള്‍ സന്ദര്‍ശിക്കും. മൂന്നാമത്തെ പാക്കേജില്‍ ഭൂട്ടാനിലെ തിമ്പു, പുനാഖ, പാറോ, ചെലെ ലാ പാസ് തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാന്‍ അവസരം ലഭിക്കും.
യാത്രയിലുടനീളം ഇന്‍ഷ്വറന്‍സ്, ഹോട്ടലുകളിലെ താമസസൗകര്യം, കാഴ്ചകള്‍ കാണാന്‍ പോകുന്നതിനുള്ള വാഹനങ്ങള്‍, പരിധികളില്ലാതെയുള്ള ദക്ഷിണേന്ത്യന്‍ വിഭവങ്ങള്‍ എന്നിവ ലഭിക്കും. ഇവ കൂടാതെ രാത്രി താമസം, കാഴ്ചകള്‍ കാണാന്‍ പോകുമ്പോള്‍ ലഗേജ് സുരക്ഷിതമായി സൂക്ഷിക്കാനുള്ള സൗകര്യം, എല്‍ടിസി/എല്‍എഫ്സി സൗകര്യം എന്നിവ ഒരുക്കിയിട്ടുണ്ട്.
മധുരയില്‍നിന്ന് പുറപ്പെടുന്ന ട്രെയിനില്‍ തിരുവനന്തപുരം, കൊല്ലം, കായംകുളം, കോട്ടയം, എറണാകുളം, തൃശൂര്‍, ഒറ്റപ്പാലം, പാലക്കാട് എന്നിവിടങ്ങളില്‍നിന്ന് യാത്രക്കാര്‍ക്ക് കയറാം. ഡാര്‍ജിലിംഗ് ആന്‍ഡ് ഗാങ്ടോക് പാക്കേജില്‍ സ്ലീപ്പര്‍ ക്ലാസ് 45,950 രൂപ, തേര്‍ഡ് എസി 53,300 രൂപ, സെക്കന്‍ഡ് എസി 66,500 രൂപ, ഫസ്റ്റ് എസി 72,100 രൂപ നിരക്കുകളും നോര്‍ത്ത് ഈസ്റ്റ് പാക്കേജില്‍ സ്ലീപ്പര്‍ ക്ലാസ് 59,350 രൂപ, തേര്‍ഡ് എസി 64,350 രൂപ, സെക്കൻഡ് എസി 74,450 രൂപ, ഫസ്റ്റ് എസി 79,950 രൂപ നിരക്കുകളും ഭൂട്ടാന് പാക്കേജില്‍ സ്ലീപ്പര്‍ ക്ലാസ്സ് 76,950 രൂപ, തേര്‍ഡ് എസി 83,500 രൂപ, സെക്കൻഡ് എസി 94,950 രൂപ, ഫസ്റ്റ് എസി 97,900 രൂപ എന്നിങ്ങനെയാണ് നിരക്കുകള്‍. ബുക്കിംഗിന്: www.tour times.in , 7305 85 85.